All social security and welfare fund pensioners whose pension was sanctioned before 31st December, 2025 are required to do mustering through Akshaya Kendra from 17th July to 30th October, 2026
പൗരധർമ്മവും ഉത്തരവാദിത്വങ്ങളും

പൗരധർമ്മവും ഉത്തരവാദിത്വങ്ങളും

ഉത്തരവാദിത്തമുള്ള പൗരന്മാരായി സമൂഹത്തിനും രാഷ്ട്രത്തിനും നാം നൽകേണ്ട സംഭാവനകൾ

ഭരണ വ്യവസ്ഥയിലെ പങ്കാളി എന്ന നിലയ്ക്ക് പൗരർക്ക് അവകാശങ്ങൾ ഉണ്ട്. അവ നിശ്ചിതവും കൃത്യവുമായി ലഭിക്കും എന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിന് വിരുദ്ധമായ പ്രവർത്തനങ്ങൾ തടയുകയും ഉത്തരവാദിത്വപൂർണ്ണമായ പൗരാവകാശപാലനം നടപ്പാക്കുകയും വേണം.

സമൂഹത്തോടും രാഷ്ട്രത്തോടും ചില കടമകളും ഉത്തരവാദിത്വങ്ങളും നിറവേറ്റുവാൻ പൗരർക്ക് ചുമതലയുണ്ട്. പൗരധർമ്മങ്ങൾ എന്ന് ഇതിനെ ചുരുക്കത്തിൽ പറയാം. സ്വയമേവ അവ പാലിക്കുകയാണ് ഉത്തമ പൗരന്റെ കടമ.

ഇന്ത്യൻ ഭരണഘടന അനുച്ഛേദം 51A (1976)

  • ഭരണഘടനയോടും രാഷ്ട്രത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടും ആദരവും അനുസരണവും പുലർത്തുക.
  • ദേശീയ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ മൂല്യങ്ങൾ പരിപോഷിപ്പിക്കുക.
  • പൊതുമുതലുകൾ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക.
  • ചരിത്ര-സാംസ്കാരിക സമ്പത്തുകൾ സംരക്ഷിക്കുക.
  • പ്രകൃതി സമ്പത്ത്, വന-വന്യജീവികൾ, പരിസ്ഥിതി എന്നിവ സംരക്ഷിക്കുക.
  • സ്ത്രീകളുടെ പദവിയും അന്തസ്സും സംരക്ഷിക്കുകയും സ്ത്രീ വിരുദ്ധ പ്രവർത്തനങ്ങളെ ചെറുക്കുകയും ചെയ്യുക.
  • അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ചെറുക്കുക.
  • ശാസ്ത്രാഭിരുചി, മാനവികത, സാമൂഹ്യബോധം എന്നിവ വളർത്തുക.
  • രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കുക.
  • മതസൗഹാർദ്ദവും സാഹോദര്യവും വളർത്തുക.
  • ആവശ്യഘട്ടങ്ങളിൽ രാഷ്ട്രസേവനത്തിന് സന്നദ്ധരാകുക.

പഞ്ചായത്ത് രാജ് നിയമം (1994, 1999)

1994-ലെ പഞ്ചായത്ത് രാജ് നിയമം ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന പൗരൻമാരുടെ കടമകളും ഉത്തരവാദിത്വങ്ങളും നിർവ്വചിച്ചിട്ടുണ്ട്. ഒരു പഞ്ചായത്തിലെ പൗരൻ എന്ന നിലയിൽ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വസിക്കുന്ന ഓരോ വ്യക്തിയും താഴെ പറയുന്ന ചുമതലകൾ നിർവ്വഹിക്കാൻ ബാദ്ധ്യസ്ഥരാണ്.

  • ഗ്രാമസഭയിൽ പങ്കെടുക്കുകയും തദ്ദേശഭരണ പ്രക്രിയയിൽ പങ്കാളിയാകുകയും ചെയ്യുക.
  • നികുതികൾ കൃത്യമായി അടച്ച് തദ്ദേശഭരണ സ്ഥാപനത്തിന്റെ വരുമാനം ഉറപ്പാക്കുക.
  • വികസന പ്രവർത്തനങ്ങളിൽ പഞ്ചായത്തിനെ സഹായിക്കുക.
  • ആസൂത്രണ-നിർവഹണ-വിലയിരുത്തൽ പ്രവർത്തനങ്ങളിൽ പങ്കാളിയാകുക.
  • പൊതുശല്യങ്ങളും മാലിന്യ നിക്ഷേപവും ഒഴിവാക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യുക.
  • ശുചിത്വം, രോഗപ്രതിരോധം, പോഷകാഹാരം, സാക്ഷരത തുടങ്ങിയ പ്രവർത്തനങ്ങളിൽ സഹകരിക്കുക.
  • സാമൂഹ്യ ഓഡിറ്റ് പ്രക്രിയ സാർത്ഥകമാക്കാൻ സഹായിക്കുക.
  • സാമൂഹ്യ ഐക്യത്തിനും പങ്കാളിത്ത വികസനത്തിനും സഹായകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
  • അഴിമതിക്കും ദുർഭരണത്തിനുമെതിരെ നിയമാനുസൃത ജാഗ്രത പാലിക്കുക.
  • പ്രകൃതി വിഭവങ്ങളും പൊതുഗതാഗത സംവിധാനങ്ങളും സംരക്ഷിക്കുക.
  • മിതവ്യയം പ്രചരിപ്പിക്കുകയും ആഡംബരം ഒഴിവാക്കുകയും ചെയ്യുക.
  • മദ്യപാനം, മയക്കുമരുന്ന്, സ്ത്രീധനം, ബാലവേല തുടങ്ങിയ സാമൂഹ്യ തിന്മകൾക്കെതിരെ പ്രവർത്തിക്കുക.
  • പരിസ്ഥിതി ബോധവൽക്കരണത്തിൽ പങ്കാളികളാകുക.
  • സ്ഥിതിവിവര കണക്കുകളുടെ കൃത്യമായ ശേഖരണത്തിൽ സഹകരിക്കുക.
  • പ്രകൃതി ദുരന്തബാധിതരെ സഹായിക്കുക.
  • സഹകരണ-സമ്പാദ്യ ശീലങ്ങൾ വളർത്തുക.
  • വികസനാവശ്യങ്ങൾക്ക് ഭൂമി വിട്ടുകൊടുക്കുകയും പൊതുഭൂമി കൈയേറാതിരിക്കുകയും ചെയ്യുക.
  • അയൽക്കൂട്ടങ്ങളും സ്വയംസഹായ സംഘങ്ങളും രൂപീകരിക്കുക.
  • പൊതുസ്ഥലങ്ങളിൽ തുപ്പൽ, പുകവലി, മദ്യപാനം തുടങ്ങിയ സമൂഹവിരുദ്ധ പ്രവർത്തനങ്ങൾ ഒഴിവാക്കുക.
  • മൃഗങ്ങളെ പൊതുസ്ഥലത്ത് കശാപ്പ് ചെയ്യാതിരിക്കുക.
  • വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും ആവശ്യമായ കുത്തിവയ്പ്പുകളും ലൈസൻസുകളും ഉറപ്പാക്കുക.
  • നിയമങ്ങളും ചട്ടങ്ങളും പാലിക്കുക.
  • സ്ത്രീ-പുരുഷ സമത്വവും നീതിയും ഉയർത്തിപ്പിടിക്കുക.
നല്ല പൗരൻ സമൂഹത്തിന്റെ ശക്തിയാണ് • ഉത്തരവാദിത്വമുള്ള പൗരത്വം വികസനത്തിന്റെ അടിത്തറയാണ്