സ്ഥാപന ചരിത്രം

 

 ചരിത്രം

 

പഞ്ചായത്ത് രൂപീകരണം 

1953 ലാണ് ആദ്യത്തെ ഭരണസമിതി നിലവില്‍ വന്നത്. പ്ലേസ്‌ഥാനത്ത് മഠത്തിൽ ശ്രീ.രാമരു രാമരു പോറ്റിയാണ് ഗ്രാമ പഞ്ചായത്തിന്റെ ആദ്യ  പ്രസിഡന്റ്. പഞ്ചായത്തിന്റെ പേര് “കലഞ്ഞൂർ ” എന്നായിരുന്നു. 

 

1953 ലെ ഭരണസമിതി 

പുരാതന ചരിത്രം

                         ഒരു മഹാവ്യാധിബാധയെത്തുടര്‍ന്ന് ഊരും ദേശവും വിട്ടോടിപ്പോയവര്‍ തിരികെവന്നു താമസിച്ചിടമാണ് കലഞ്ഞൂരെന്ന ഈ നാടെന്നും അതല്ലാ, കലകളുടെ ഊരാണ് കലഞ്ഞൂരെന്നും പറയപ്പെടുന്നു. ജലപ്രളയത്താല്‍ ഈ നാടും കാടും ഒക്കെ മുങ്ങിപ്പോവുകയും അന്നുണ്ടായിരുന്ന ക്ഷേത്രവും കുളവും കൂടാതെ മനുഷ്യവാസമുള്ള എല്ലാ സ്ഥലങ്ങളും വളരെക്കാലം ജലത്തിനടിയിലാവുകയും കഠിനമായ രോഗത്താലും ദുരിതത്താലും ഈ പ്രദേശം വിട്ടോടിപ്പോയവര്‍ ഏറെ നാളുകള്‍ക്കുശേഷം തിരികെവരികയും ചെയ്തുവത്രെ.  തെക്കുനിന്നും വന്നവര്‍ ഇടത്താവളമായി തിരഞ്ഞെടുത്ത സ്ഥലം പില്‍ക്കാലത്ത് ഇടത്തറയായും, വടക്കുനിന്നും വന്നവര്‍ കൂട്ടംകൂട്ടമായി കൂടിത്താമസിച്ചിരുന്ന സ്ഥലം ഇന്നത്തെ കൂടലായും കാലക്രമേണ പരിണമിക്കുകയും ചെയ്തുവെന്ന് പറയുന്നതില്‍ എത്രമാത്രം യുക്തിഭദ്രതയുണ്ടെന്ന് അറിയില്ല. പിന്നീട് ആദ്യത്തെ ജനവാസസ്ഥലവും ക്ഷേത്രഭൂമിയുമായിരുന്ന അമ്പലത്തുംകാലയില്‍ നിന്നും (ഇവിടെ ഇപ്പോഴും കാവും കുളവും കാണാം-ഇന്നത്തെ വെട്ടുവിള ചിറ) മഹാവ്യാധിക്കാലത്തെപ്പോലെ വെള്ളപ്പൊക്കദുരിതം ഉണ്ടായേക്കുമോ എന്ന ഭയത്താല്‍ താരതമ്യേന ഉയര്‍ന്നതും കലഞ്ഞൂരിന്റെ മധ്യഭാഗവുമായ ഇന്നത്തെ ക്ഷേത്രഭൂമിയിലേക്ക് ക്ഷേത്രം മാറ്റി സ്ഥാപിച്ചു. ഏതാണ്ട് 1100 വര്‍ഷങ്ങള്‍ക്കുമുമ്പ് മഹാശിവയോഗിയായ ഹരമഹര്‍ഷി (ഖരമഹര്‍ഷി എന്നും പരാമര്‍ശമുണ്ട്) തന്റെ വനാന്തര സഞ്ചാരവേളയില്‍ ഈ പ്രദേശത്ത് എത്തിച്ചേരുകയും ശാന്തസുന്ദരവും പവിത്രവുമായ ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിനു സമീപം ധ്യാനനിരതനാവുകയും ചെയ്തുവത്രെ. തുടര്‍ന്ന് മൂന്നു ശിവലിംഗങ്ങള്‍ ആറാറു മൈല്‍ അകലത്തില്‍ കലഞ്ഞൂര്‍, അറുകാലിക്കല്‍, പെരിങ്ങനാട് എന്നിങ്ങനെ മൂന്നിടങ്ങളിലായി പ്രതിഷ്ഠിക്കുകയും ചെയ്തു. അതിനേത്തുടര്‍ന്ന് ഈ ഗ്രാമം അക്കാലത്ത് ഹരനൂര്‍ എന്ന പേരില്‍ അറിയപ്പെട്ടുവെന്നും പില്‍ക്കാലത്ത് കലഞ്ഞൂരായി പരിണമിക്കുകയും ചെയ്തുവെന്നുമുള്ളതാണ് പ്രബലമായ സ്ഥലനാമഐതിഹ്യം.

പുരാതന ഭരണ ചരിത്രം 

                                  (1115-1116-ല്‍ കുലശേഖരരാജവാഴ്ചക്കാലത്ത്) വീരകേരളവര്‍മ്മയുടെ (കോതകേരളവര്‍മ്മ) അധീനതയില്‍ ആയിരുന്ന വേണാടിന്റെ വടക്കുകിഴക്കന്‍ ഭൂപ്രദേശങ്ങളും സഹ്യാദ്രിയുടെ താഴ്വരകള്‍ ഉള്‍പ്പെട്ടതുമായ എല്ലാ പ്രദേശങ്ങളും അദ്ദേഹം തന്റെ അധീനതയില്‍ നിലനിര്‍ത്തുവാനും അതുവഴി ഈ പ്രദേശത്തുനിന്നും ലഭിക്കുന്ന സുഗന്ധദ്രവ്യവിളകളെ തൊട്ടടുത്ത നാട്ടൂരാജ്യമായ പാണ്ഡ്യദേശക്കാര്‍ (പാണ്ഡ്യരാജാവിന്റെ മുന്‍മുറക്കാര്‍) കൈക്കലാക്കാതിരിക്കാനും, അവിടവിടെയായി കാവല്‍ക്കാരെ ഏര്‍പ്പെടുത്തുകയും ഉയര്‍ന്നപ്രദേശങ്ങളിലും ഒറ്റപ്പെട്ട കുന്നിന്‍ചെരിവുകളിലും കൂടാരങ്ങള്‍ കെട്ടിയും, കാടര്‍, ഊരാളിമാര്‍, പണിയര്‍ തുടങ്ങിയ ഗോത്രവര്‍ഗ്ഗക്കാരെ സ്ഥിരമായി താമസിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാണ്ഡ്യന്‍ എന്ന തമിഴുരാജാവിന്റെ കടന്നുകയറ്റത്തെ തടയുവാന്‍ സാധിച്ചില്ല. പില്‍ക്കാലത്ത് ഈ പ്രദേശത്തിന്റെ ഭരണാധിപത്യം പാണ്ഡ്യരാജവംശത്തിന്റെ പിന്‍മുറക്കാരായിരുന്ന പന്തളം രാജകുടുംബത്തിനു വന്നുചേരുകയും ചെയ്തിട്ടുണ്ട്. ഇന്ന് അച്ചന്‍കോവില്‍ മുതല്‍ വടക്കോട്ടും പടിഞ്ഞാറോട്ടും വ്യാപിച്ചുകിടക്കുന്ന സ്ഥലങ്ങളുള്‍പ്പെട്ട എല്ലാ പ്രദേശങ്ങളും നാട്ടുരാജവാഴ്ചക്കാലത്ത് ഭാഗിക്കപ്പെടുകയും അനന്തരഫലമായി അച്ചന്‍കോവില്‍ രാജകുടുംബത്തിനും അവരുടെ തന്നെ കുടുംബമായ പന്തളം രാജകുടുംബത്തിനും കൂടാതെ തിരുവിതാകൂര്‍ രാജകുടുംബത്തിനും കൊടുമണ്‍ അറുകാലിക്കല്‍ നാട്ടുരാജകുടുംബങ്ങള്‍ക്കും അധീനപ്പെടുകയും ചെയ്തു. പിന്നെയും ഫലസമൃദ്ധിയുടെയും വനസമ്പത്തിന്റെയും മനുഷ്യാധ്വാനത്തിന്റെയും വിളനിലമായിരുന്ന ഈ പ്രദേശങ്ങള്‍ കൈക്കലാക്കാനുള്ള പല ശക്തികേന്ദ്രങ്ങളുടേയും ശ്രമങ്ങള്‍ക്കിടെ ഇതൊരു യുദ്ധഭൂമി ആയിത്തീരുകയും ചെയ്തു. തകര്‍ക്കപ്പെട്ടതോ കാലാന്തരത്തില്‍ തകര്‍ന്നടിയപ്പെട്ടതോ ആയ ചരിത്രവസ്തുക്കളും വിലപ്പെട്ട പല ശേഖരങ്ങളും ഇവിടെ നിന്ന് കിട്ടിയിട്ടുണ്ട്. കൂടാതെ നാശാവശിഷ്ടമായ പറക്കുളം ക്ഷേത്രസമുച്ചയത്തിന്റെ ബാക്കിപത്രവും ഇവിടെ ദര്‍ശിക്കാം.

സാംസ്കാരിക ചരിത്രം 

                           ഇന്നത്തെ പാടം ജംഗ്ഷനില്‍നിന്നും ഏകദേശം എട്ട് കിലോമീറ്റര്‍ വടക്കുകിഴക്കായി പുരാതനവും പൂര്‍വ്വരാജവാഴ്ചയുടെ ശവപ്പറമ്പായും കാണാവുന്ന മഹാക്ഷേത്രാവശിഷ്ടങ്ങളും ഏതാണ്ട് അമ്പത് ചതുരശ്രയടി ചുറ്റളവുള്ള ഉറവവറ്റാത്ത കുളവും വിശാലമായ ഇടനാഴിയും ഇടിഞ്ഞുപൊളിഞ്ഞ ചുറ്റമ്പലവും തഞ്ചാവൂര്‍കലകളുടെ മാസ്മരികത വിളിച്ചറിയിക്കുന്ന ഉടഞ്ഞടിഞ്ഞ കൃഷ്ണശിലാശില്പങ്ങളും ഒരു പ്രതാപകാലത്തിന് ബാധിച്ച സര്‍വ്വനാശത്തിന്റെ ദുര്‍ഗ്ഗതി പോലെ ഇന്നും കാണാം. കിഴക്കന്‍പ്രദേശങ്ങളില്‍ നിന്നും കണ്ടെടുക്കപ്പെട്ട മണ്‍ചീനഭരണികള്‍, നാണയശേഖരങ്ങള്‍, യോദ്ധാക്കളുടേതെന്ന് കരുതാവുന്ന ശവശരീരങ്ങള്‍ അടക്കം ചെയ്തിരുന്ന നീളമുള്ള കല്‍പേടകങ്ങളും വിലപ്പെട്ട ചില ശില്പങ്ങളും ഏതോ നാട്ടുഭാഷയിലെഴുതിയ ലിഖിതങ്ങളും (വട്ടെഴുത്ത്?) കണ്ടെടുക്കുകവഴി 1300 വര്‍ഷത്തെയെങ്കിലും പഴക്കമുള്ള ചരിത്രം ഈ നാടിനുണ്ടെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. പില്‍ക്കാലത്ത് മണ്‍മറയപ്പെട്ട ആ പ്രദേശങ്ങള്‍ വീണ്ടും വനഭൂമിയായും കാലാന്തരത്തില്‍ സര്‍ക്കാര്‍ഭൂമിയായിത്തീരുകയും ചെയ്തു. പ്രസിദ്ധങ്ങളായ പാറകളും പെരുമ കുറഞ്ഞ പാറകളുംകൊണ്ട് അനുഗ്രഹീതമാണ് നാട്. പക്ഷേ, ഇന്നത്തെ ശ്രീമഹാദേവക്ഷേത്രമുള്‍പ്പെടെ പല ക്ഷേത്രനിര്‍മ്മാണത്തിനും ഉപയോഗിച്ചിരുന്ന നീളത്തില്‍ കീറിയെടുത്ത ടണ്‍ കണക്കിന് പാറകള്‍ ഈ പ്രദേശത്തുനിന്നുമല്ലാ സംഭരിച്ചിരിക്കുന്നതെന്ന് ഏതൊരു നിരീക്ഷകനും മനസ്സിലാക്കാം. മുസ്ലീം സഹോദരങ്ങളുടെ ആദ്യകാല ആരാധനാലയം കലഞ്ഞൂരിന്റെ തെക്കുള്ള ഇടത്തറ ജമാ അത്തു പള്ളിയും (200 വര്‍ഷം പഴക്കം) അതിനുശേഷം കലഞ്ഞൂരിന്റെ കിഴക്കന്‍ മേഖലയായ പാടം പ്രദേശത്ത് 1945-ല്‍ അന്‍പത് സെന്റ് സ്ഥലത്ത് പണികഴിപ്പിച്ച പാടം ജമാ അത്ത് പള്ളിയുമാണ്.

പഞ്ചായത്തിലൂടെ...

സഹ്യപര്‍വ്വതത്തിന്‍റെ താഴ്വരയില്‍ പത്തനംതിട്ട ജില്ലയുടെ തെക്ക്‌ കിഴക്ക് ഭാഗത്തായി കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത്‌ സ്ഥിതി ചെയ്യുന്നു. കിഴക്ക്‌ സഹ്യാദ്രിയും വനവും,തെക്ക്‌ ഭാഗത്ത്‌ പത്തനാപുരം ഗ്രാമ പഞ്ചായത്തും പടിഞ്ഞാറ്‌ ഭാഗത്ത്‌ കൊടുമണ്‍ ഗ്രാമ പഞ്ചായത്തുകളും വടക്ക്‌ ഭാഗത്ത്‌ അരുവാപ്പുലം ഗ്രാമ പഞ്ചായത്തും തെക്ക്‌ കിഴക്ക്‌ ഭാഗത്ത്‌ പിറവന്തൂർ ഗ്രാമ പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. 66 ച. കി. മീ.ഉള്ള കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത്‌ ഭരണ സൌകര്യത്തിനായി 20 വാര്‍ഡുകളായി തിരിച്ചിട്ടുണ്ട്‌ പഞ്ചായത്തിലെ ആകെ ജനസംഖ്യ 40917 ഉം ജനസാന്ദ്രത ച. കി. മീറ്ററിന്‌ 489 ഉം ആണ്‌. പഞ്ചായത്തിലെ ജനസംഖ്യയില്‍ 20779 പേര്‍ വനിതകളും 20139 പേര്‍ പുരുഷന്മാരുമാണ്‌. പഞ്ചായത്തിലെ ആകെ സാക്ഷരത നിരക്ക്‌ 92.38 ശതമാനമാണ്‌. 

കലഞ്ഞൂരിലെ പ്രധാന പ്രദേശങ്ങൾ  

കലഞ്ഞൂർ, കൂടൽ, അതിരുങ്കൽ, മുറിഞ്ഞകൽ, ഗാന്ധി ജങ്ഷൻ, ഇടത്തറ, ഒന്നാംകുറ്റി, നിരത്തുപ്പാറ, തട്ടാക്കുടി, പാടം,  നെടുമൺകാവ് , രാക്ഷസൻ പാറ. കുടപ്പാറ